പ്രാദേശികം

പുത്തൻചിറയിൽ പേവിഷ ബാധയേറ്റ നായ അഞ്ച് പേരെ ആക്രമിച്ചു : സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

പുത്തന്‍ചിറ: പുത്തൻചിറയിൽ അഞ്ച് പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ സ്രവ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ മങ്കിടി, കാരാമ്പ്ര പ്രദേശത്ത് തെരുവ്‌നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് കടിയേറ്റിരുന്നത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു ശുശ്രൂഷ നൽകി.  നായ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്.

 വിളക്കത്തറ മണികണ്ഠന്റെ മകന്‍ ജീവന്‍ (17), അമ്പാട്ട് ഗോപിനാഥന്റെ ഭാര്യ തങ്കമണി (79), താഴത്തുവീട്ടില്‍ ശ്രീധരന്റെ ഭാര്യ മാലിനി (79), മരോട്ടിക്കല്‍ ശ്രീധരന്റെ ഭാര്യ ലീല (80) എന്നിവരെയാണ് നായ ആക്രമിച്ചത്. ഏഴാപ്പിള്ളി അനൂപിന്റെ മകള്‍ നിര്‍മാല്യയെ നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സമീപവാസികളുടെ അവസോരിചിതമായ ഇടപെലില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 ഇന്നലെ രാവിലെ 10 ന് ശേഷമാണ് അര കിലോമീറ്റര്‍ ദൂരത്തില്‍ തെരുവ്‌നായയുടെ ആക്രമണം നടന്നത്. ലീല, മാലിനി എന്നിവരെ വീടിന്റെ വരാന്തയില്‍ നിന്ന സമയത്താണ് ആക്രമിച്ചത്. തങ്കമണിയെ ത്രിച്ചക്രപുരം ക്ഷേത്രത്തില്‍ തൊഴുതുകൊണ്ട് നിൽക്കെയാണ് ആക്രമിച്ചത്.

പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത്‌ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave A Comment