നിർമാണത്തിലെ അപാകം : പണിതുകൊണ്ടിരിക്കുന്ന ഇരുനിലവീട് നിലംപൊത്തി
അങ്കമാലി : അങ്കമാലിയിൽ നിർമാണത്തിലിരുന്ന രണ്ട് നില വീട് പൂർണമായും ഇടിഞ്ഞുവീണു. ആളപായമില്ല. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കിടങ്ങൂർ ചേരുംകവലയിൽ ചാലക്കുടി സ്വദേശിയുടെ സ്ഥലത്ത് നിർമിക്കുന്ന വീടാണ് നിലംപൊത്തിയത്. അപകട സമയത്ത് തൊഴിലാളികളാരും എത്തിയിട്ടുണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്ന് വൈകാതെ ജോലികൾക്കായി തൊഴിലാളികൾ വന്നു തുടങ്ങി.
ശനിയാഴ്ചയായിരുന്നു വീടിന്റെ മുകൾ നിലയുടെ വാർക്കൽ. നിർമാണത്തിലെ അപാകമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസിയായ ജോസ് ആണ് അപകടം ആദ്യം അറിയുന്നത്. വലിയ ശബ്ദം കേട്ട് ചെന്നു നോക്കുമ്പോൾ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു. ഉടൻതന്നെ സ്ഥലമുടമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സ്ഥലമുടമയുടെ സുഹൃത്തിനെ വിളിച്ചു വിവരമറിയിച്ചു. വിവരമറിഞ്ഞ് കരാറുകാരൻ എത്തിയപ്പോഴേയ്ക്കും വീട് പൂർണമായും നിലംപൊത്തി. രണ്ടുനിലയിൽ ഉയർന്നു നിന്ന വീടിന്റെ സ്ഥാനത്ത് കല്ലും മണ്ണും കുറച്ച് കോൺക്രീറ്റ് ബീമുകളും മാത്രമായി.
കല്ല് ഉൾപ്പെടെ മോശം നിർമാണ സാമഗ്രികൾ ഉപയോഗിച്ചതുകൊണ്ടാണ് വീട് ഇടിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. വില്പനയ്ക്കായി നിർമിക്കുന്ന വീടായിരുന്നു ഇത്. രണ്ടായിരം ചതുരശ്ര അടിയോളം വിസ്തൃതിയുള്ളതാണ് വീട്.
Leave A Comment