പ്രാദേശികം

അത്താണി-ചെങ്ങമനാട് റോഡിൽ അപകടഭീഷണി ഉയർത്തി മൂന്ന് വൻമരങ്ങൾ

ചെങ്ങമനാട് : അത്താണി-ചെങ്ങമനാട് റോഡിൽ പുത്തൻതോട് ഭാഗത്ത് മൂന്ന് വൻമരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. കനാൽ ബണ്ടിന്റെ അരികിൽ നിൽക്കുന്ന മരങ്ങൾ കാറ്റിലോ മഴയിലോ കടപുഴകി വീണേക്കാമെന്നാണ് നാട്ടുകാരുടെ ഭീതി. തൊട്ടടുത്ത്‌ ട്രാൻസ്‌ഫോർമറും ഹൈടെൻഷൻ വൈദ്യുതിലൈനുകളുമുണ്ട്. ഇതിലേക്ക് മരം മറിഞ്ഞാൽ വൻ ദുരന്തമാകും ഫലം.

മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞ്‌ പലതവണ യാത്രക്കാർക്ക് അപകടംപറ്റിയിട്ടുണ്ട്. ടോറസ് അടക്കമുള്ള വലിയ വാഹനങ്ങൾ മരക്കൊമ്പിൽ മുട്ടുന്നത് സാധാരണമാണ്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന തിരക്കേറിയ വഴിയാണിത്.

അപകടംവരാൻ കാത്തിരിക്കാതെ എത്രയും വേഗം മരങ്ങളുടെ ശാഖകൾ മുറിച്ചൊതുക്കുകയോ, മരങ്ങൾ വെട്ടിമാറ്റുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഓഗസ്റ്റ്‌ നാലിന് കാറ്റിലും മഴയിലും ദേശം-കാലടി റോഡിൽ പുറയാർ ബസ് സ്റ്റോപ്പിന് സമീപംനിന്ന വൻമരം കടപുഴകി വീണിരുന്നു.

Leave A Comment