ബിബിസി ഡോക്യുമെന്ററിയുടെ യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കി; അപ്രഖ്യാപിത വിലക്ക്?
ന്യൂഡൽഹി:ബിബിസിയുടെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ഡോക്യുമെന്ററി ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യുട്യൂബിനും കേന്ദ്രസർക്കാരിന്റെ നിർദേശം. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വിഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം
ചെയ്യാനാണ് നിർദേശം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട 50ലേറെ ട്വീറ്റുകൾ നീക്കം ചെയ്യാൻ വാർത്താവിനിമയ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകൾ ഇതിനോടകം തന്നെ നീക്കം ചെയ്തു. ഇക്കാര്യം ഡെറക് തന്നെ മറ്റൊരു ട്വീറ്റിലൂടെ വെളിപ്പെടുത്തി. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ലക്ഷങ്ങളാണ് കണ്ടത്. പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്നത് ഡോക്യുമെന്ററിയിൽ തുറന്നുകാട്ടുന്നുവെന്ന് ഡെറക് കുറിച്ചു.
Leave A Comment