മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ അനുമതി
ഇംഫാൽ: മണിപ്പൂരിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ സംഘർഷം നേരിടാൻ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ. ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാനാണ് ഗവർണർ രഞ്ജിത് സിംഗിന്റെ ഉത്തരവ്. മണിപ്പുർ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നത് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതാണ് സംഘർഷത്തിന് കാരണം.
ബുധനാഴ്ച ഗോത്രവർക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. മണിപ്പൂർ ഗവർണർ എല്ലാ ജില്ലാ മജിസ്ട്രേട്ടുമാർക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റുകൾക്കും എല്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൾക്കും സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൾക്കും അതാതു പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏഴായിരത്തി അഞ്ഞൂറോളം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. എട്ടു ജില്ലകളിൽ കർഫ്യു ഏർപ്പെടുത്തി. മൊബൈൽ ഇന്റർനെറ്റ് സേവനം അഞ്ചു ദിവസത്തേയ്ക്ക് വിച്ഛേദിച്ചു.
Leave A Comment