ദേശീയം

അഞ്ചുസംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണം ഊർജിതമാക്കാൻ കോൺഗ്രസ്. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ നേതാക്കളുമായി ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി.

രാഹുൽഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ അഞ്ചുസംസ്ഥാനങ്ങളിലെയും പ്രധാനനേതാക്കളുമായി കഴിഞ്ഞമാസമാണ് ചർച്ചതുടങ്ങിയത്. എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കൾ ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് ഈ യോഗങ്ങളിൽ അറിയിച്ചത് ഹൈക്കമാൻഡിന്‌ ആത്മവിശ്വാസം നൽകുന്നു. സെപ്റ്റംബറോടെ എല്ലായിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും ജനക്ഷേമപദ്ധതികളിലൂന്നിയ പ്രകടനപത്രികകൾ ജനങ്ങളിലെത്തിച്ച് വോട്ടുതേടാനുമാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയം നേടിയിരുന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥും മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തർക്കം മൂത്തതോടെ സിന്ധ്യയെയും കൂട്ടരെയും റാഞ്ചി ബി.ജെ.പി. സർക്കാരുണ്ടാക്കി. മൂന്നിടങ്ങളിലും വീണ്ടും അധികാരം നേടാനാവുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

Leave A Comment