‘ഇന്ത്യ’ പ്രതിപക്ഷധാരണയല്ല, സഖ്യംതന്നെ; സി.പി.എം. നിലപാട് തള്ളി സി.പി.ഐ
ന്യൂഡൽഹി: ‘ഇന്ത്യ’ പ്രതിപക്ഷപാർട്ടികൾക്കിടയിലെ ധാരണ മാത്രമാണെന്നും തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നുമുള്ള സി.പി.എം. നിലപാട് സി.പി.ഐ. തള്ളി. ‘ഇന്ത്യ’ എന്ന പേരിൽത്തന്നെ സഖ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡൽഹിയിൽ സമാപിച്ച രണ്ടുദിവസത്തെ പാർട്ടി ദേശീയ നിർവാഹക സമിതിയോഗത്തിനുശേഷം സി.പി.ഐ. ജനറൽസെക്രട്ടറി ഡി. രാജ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യമാകുന്നതിൽ തെറ്റില്ലെന്നും എന്നാൽ, തിരഞ്ഞെടുപ്പുധാരണകൾ സംസ്ഥാനതലത്തിലാകും സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമിതികളിൽ ചേരുന്നതുമായി ബന്ധപ്പെട്ടും സി.പി.ഐ.ക്ക് വ്യത്യസ്ത നിലപാടാണ്.
‘ഇന്ത്യ’ മുന്നണിയിൽ വിവിധ സമിതികൾ രൂപവത്കരിക്കാൻ മുംബൈയിൽ ചേർന്ന യോഗത്തിൽ ഏകകണ്‌ഠമായാണ് തീരുമാനിച്ചതെന്നും ഏകോപനസമിതിയിൽനിന്ന് സി.പി.എം. പിന്മാറിയാലും അതു പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു. ഇപ്പോഴത്തെ ഏകോപനസമിതിയിൽ കൂടുതൽ പാർട്ടികളെ ഉൾപ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്. ബി.ജെ.പി.യെ പരാജയപ്പെടുത്താൻ മുന്നണിയിലെ സമിതികളുമായെല്ലാം സഹകരിച്ചു പ്രവർത്തിക്കണമെന്ന് ദേശീയ എക്‌സിക്യുട്ടീവും തീരുമാനിച്ചു. സമിതിയിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് സി.പി.എമ്മാണ് മുന്നണിയിൽ വ്യക്തത വരുത്തേണ്ടതെന്നും രാജ പറഞ്ഞു.
Leave A Comment