ദേശീയം

ചൈനയില്‍ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടക്കം 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍,  ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. ജില്ലാ, മെഡിക്കല്‍ കോളജ് തലങ്ങളില്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, സ്റ്റിറോയിഡുകള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പനി, വിറയല്‍, ശാരീരിക അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വരണ്ട ചുമ എന്നിവയാണ് അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പീഡിയാട്രിക് യൂണിറ്റുകളിലും മെഡിസിന്‍ വിഭാഗങ്ങളിലും മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌കുകള്‍ ധരിക്കാന്‍ കര്‍ണ്ണാടക ആരോഗ്യവകുപ്പ് ഇതിനോടകം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Comment