ദേശീയം

രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റ്; പിടിച്ചുതള്ളിയെന്ന് ബിജെപി എംപിമാർ; പരിക്കേറ്റെന്ന് ഖാര്‍ഗെയും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവരാണ് പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാര്‍ലമെന്റില്‍ അതിക്രമം നടത്താന്‍ രാഹുലിന് ആരാണ് അധികാരം നല്‍കിയതെന്നും എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു.

ജാപ്പാനീസ് ആയോധനകലയായ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആളാണ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ മറ്റ് എംപിമാരെ ആയോധന കല പഠിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റ് ഗുസ്തിക്കുള്ള വേദിയല്ല. പരിക്കേറ്റ സഹപ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ബിജെപി അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയാണുണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭാധ്യക്ഷന് പരാതി നല്‍കി.

താന്‍ പാര്‍ലമെന്‍റിലേക്കു കടക്കുന്നത് ബിജെപി അംഗങ്ങള്‍ തടഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെയും ഖാര്‍ഗെയെയും അവര്‍ പിടിച്ചുതള്ളിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അവര്‍ തന്നെ പിടിച്ചുതള്ളുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കാമറയില്‍ കാണാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയ എംപി തന്റെ മേല്‍ വീണാണ് തലയ്ക്ക് പരിക്കേറ്റതെന്ന് ബിജെപി എംപി സാരംഗി പറഞ്ഞു.ഇതിനിടെ ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിട്ടുണ്ട്. 'ബിജെപി എംപിമാര്‍ തന്നെ തള്ളി. താന്‍ നിലത്തുവീണു. ശസ്ത്രക്രിയയ്ക്ക് വിധേയമായ എന്റെ കാല്‍മുട്ടുകള്‍ക്ക് ഇത് പരിക്ക് വരുത്തി' ഖാര്‍ഗെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.

Leave A Comment