ദേശീയം

നാലാം നിലയില്‍ നിന്ന് നാലു വയസുകാരി വീണത് യുവാവിന്റെ മടിയിലേക്ക്

മുംബൈ: ഭാഗ്യം പണവും സമ്പത്തും കൊണ്ടു തരുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്.ഭാഗ്യം കൊണ്ടു മാത്രം കിട്ടിയതെന്ന് പറയാറുള്ള അമൂല്യ അവസരങ്ങളും പലരും പറഞ്ഞു കേട്ടിട്ടുമുണ്ടാകും. എന്നാൽ മരണത്തില്‍ നിന്ന് വരെ കൈപ്പിടിച്ചുയര്‍ത്തുന്ന ഭാഗ്യം ചിലർക്ക് മാത്രമേ അനുഭവപ്പെട്ടിട്ടുണ്ടാകൂ. ഇത്തരത്തിലുള്ള ഒരു ഭാഗ്യമാണ്  മുംബൈയിലുള്ള നാലു വയസുകാരി ദേവഷി സഹാനിക്ക് ഉണ്ടായത്. ഭാഗ്യം കൊണ്ട് ജീവിതം തന്നെ തിരിച്ചു കിട്ടിയിരിക്കുകയാണ്‌  ദേവഷിയ്ക്ക്. നിർഭാഗ്യം കൊണ്ട് മാത്രം ജീവിതം കൈവിട്ടു പോകുന്നവർക്കിടയിൽ ദേവഷി വ്യത്യസ്ത ആകുന്നത് അങ്ങനെയാണ്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ദേവഷി വീണത് ഇരുപത്തിയെട്ടുകാരന്റെ മടിയിലേക്കാണ്. നിസ്സാരപരിക്കുകളോടെ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

നാലാംനിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലൂടെ നടക്കുന്നതിനിടെ കുട്ടി വീണത് അതേ കെട്ടിടത്തില്‍ താമസിക്കുന്ന ശിവകുമാര്‍ ജെയ്സ്വാളിന്റെ മടിയിലേക്കാണ്. താഴത്തെ നിലയില്‍ ഇരിക്കുകയായിരുന്ന ശിവകുമാറിനും നിസ്സാരപരിക്കേറ്റു.ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബാല്‍ക്കണിയിലെ ഇരുമ്പുമറ എടുത്തുമാറ്റി തുണികൊണ്ട് മറച്ചിരുന്നു. നടക്കുന്നതിനിടെ തുണിക്കിടയിലൂടെ കുട്ടി വീഴുകയായിരുന്നു. വീഴുന്ന ശബ്ദം ഫ്‌ളാറ്റിലെ താമസക്കാര്‍ കേട്ടെങ്കിലും അറ്റകുറ്റപ്പണിയുടെ ശബ്ദമാണെന്നാണ് കരുതിയത്.

കുട്ടി വീണവിവരം ശിവകുമാര്‍ ജെയ്സ്വാളാണ് കുടുംബത്തെ അറിയിച്ചത്. നെറ്റിയില്‍ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ ഉടമയുടെയും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരന്റെയും പേരില്‍ പോലീസ് കേസെടുത്തു.

Leave A Comment