പന്താണെന്ന് കരുതി കളിച്ചത് ബോംബ് കൊണ്ട്; അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു
കൊൽക്കത്ത: ബോംബ് ഉപയോഗിച്ച് കളിക്കുന്നതിനിടെ സ്‌ഫോടനം. പന്താണെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ ബോംബ് ഉപയോഗിച്ച് കളിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്ക്. പശ്ചിമ ബംഗാളിൽ മുർഷിദാബാദിലെ ഫറാക്കയിലെ ഇമാംനഗറിൽ ഗ്രൗണ്ടിലാണ് സംഭവം.
ഇന്നലെ ഉച്ചയോടെ കുട്ടികൾ മാമ്പഴത്തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവമെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് കണ്ടെത്തിയ കുട്ടികൾ അത് പന്താണെന്ന് തെറ്റിദ്ധരിച്ച് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ കുട്ടികളെ ബെന്നിഗ്രാം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഫറാക്ക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നും പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിൽ നിന്നും കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം.
Leave A Comment