രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മുതൽ ആരംഭിച്ചു. ഡൽഹിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്.
ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. പാർലമെന്റ് മന്ദിരത്തിലും വിവിധ സംസ്ഥാന നിയമസഭ മന്ദിരങ്ങളിലും വോട്ടെടുപ്പ് നടക്കും.
ജൂലൈ 21നാണ് വോട്ടെണ്ണൽ. പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25ന് നടക്കും എംപിമാർക്ക് പച്ചനിറത്തിലും എംഎൽഎമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുകളാണ് ലഭിക്കുക. വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകൽപന ചെയ്ത പേനയാണ് ഉപയോഗിക്കുക.
എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്.
കേരള നിയമസഭയിലും വോട്ടെടുപ്പ് ആരംഭിച്ചു. മൂന്നാം നിലയിൽ പ്രത്യേകം ക്രമീകരിച്ച മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നിയമസഭയിലെ 140 എംഎൽഎമാരും അതിഥികളായ രണ്ട് ജനപ്രതിനിധികളുമാണ് ഇന്ന് കേരളനിയമസഭയിൽ തയാറാക്കിയിരിക്കുന്ന വോട്ടെടുപ്പ് കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്.
തിരുനെൽവേലി എംപി ജ്ഞാനതിരയം, ഉത്തർപ്രദേശ് എംഎൽഎ നീർ രത്തൻസിംഗ് എന്നിവരാണ് അതിഥികളായ ജനപ്രതിനിധികൾ. തിരുനെൽവേലി എംപി ജ്ഞാന തിരയം കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന് തമിഴ്നാട് നിയമസഭയിൽ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാലാണ് തിരുവനന്തപുരത്ത് വോട്ട് ചെയ്യുന്നത്.
വൈകുന്നേരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ അനുവദിക്കുന്നത്. നീർ രത്തൻസിംഗ് ആയൂർവേദ ചികിത്സക്കായി കേരളത്തിലെത്തിയത്. പാലക്കാട്ടെ ചികിത്സാ കേന്ദ്രത്തിൽ നിന്നും അദ്ദേഹം തിരുവനന്തപുരത്തെത്തിയിട്ടാണ് വോട്ട് ചെയ്യുന്നത്.
Leave A Comment