രാഷ്ട്രീയം

'ഇടതു പാർട്ടികളോടല്ല രാഹുൽ മത്സരിക്കേണ്ടത്; മത്സരിക്കരുതെന്ന് അപേക്ഷിക്കാനില്ല' എംവിഗോവിന്ദന്‍

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 

രാഹുൽ മത്സരിക്കുന്നതിലെ യുക്തിയില്ലായ്മ സാമാന്യ മര്യാദ ഉള്ള എല്ലാവര്‍ക്കും അറിയാം. ഇക്കാര്യം കോൺഗ്രസിനോട് അപേക്ഷിക്കാനൊന്നും സിപിഎം ഒരുക്കമല്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളുടെ അവസ്ഥ നോക്കിയാൽ ബിജെപിക്ക് എതിരായ ചെറുത്ത് നിൽപ്പിൽ അതിദയനീയമായി കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തിലും മുസ്ലീം ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോൺഗ്രസിന് തോൽവിയാണ്.രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് തോൽക്കുന്നു.തെലങ്കാനയിൽ വിജയിച്ചവരെ സംരക്ഷിച്ച് നിർത്താൻ കോൺഗ്രസിന് കഴിയട്ടെ.

ബദൽ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാതെ കോൺഗ്രസിന് നിലനിൽക്കാനാലില്ല.സംഘടനക്ക് അകത്തെ ഐക്യവും പ്രശ്നമാണ്.ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന് കനുഗോലു സിദ്ധാന്തത്തിന് കിട്ടിയ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment