വൈശാഖന്റെ അവധി: പാർട്ടി കോടതിയല്ല പോലീസാണ് തീരുമാനിക്കേണ്ടത്: സതീശന്‍
എറണാകുളം: സിപിഎം നേതാവ് വൈശാഖന്‍റെ അവധിയുടെ കാര്യത്തിലെ അവ്യക്തത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു പാർട്ടി കോടതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പാർട്ടിയിൽ ഒതുക്കി തീർക്കേണ്ട കാര്യങ്ങൾ അല്ല ഇത്.വൈശാഖന് എതിരായ പരാതി പോലീസിന് കൈമാറാനുള്ള ആർജ്ജവം സിപിഎം കാണിക്കണം. ക്രിമിനൽ കുറ്റം ഒതുക്കി തീർക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വൈശാഖന് പാര്‍ട്ടി നിര്‍ബന്ധിത അവധി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതിനു പിന്നില്‍ എന്തെങ്കിലും പരാതിയുണ്ടെന്ന് സിപിഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ല
ചാനൽ ചർച്ചകളിലെ സി പി എം മുഖവും ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുമായ എന്‍വി വൈശാഖന്‍റെ അവധിയിൽ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്. രണ്ടു ദിവസം മുമ്പാണ് വൈശാഖൻ അവധിയിൽ പോകുന്ന വിവരം പുറത്തുവന്നത്. ഡിവൈഎഫ്ഐ ഡിസംബർ 15 ന് സംഘടിപ്പിക്കുന്ന സെക്യൂലർ സ്ട്രീറ്റിന് മുന്നോടിയായുള്ള കാൽനട ജാഥയിൽ നിന്നും വൈശാഖനെ നീക്കിയിരുന്നു.
കൊടുങ്ങല്ലൂർ, മാള, ചാലക്കുടി, കൊടകര മേഖലാ ജാഥയുടെ ക്യാപ്റ്റനായിരുന്നു വൈശാഖൻ. ജാഥാ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ദിവസം വരെ സജീവമായി നിന്ന വൈശാഖന്‍റെ പെട്ടന്നുള്ള അവധി അണികൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. വൈശാഖനെതിരെ സഹപ്രവർത്തക നൽകിയ പരാതിയെ തുടർന്നാണ് പാർട്ടി നടപടിയെന്ന് പ്രതിപക്ഷ യുവനേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതിപക്ഷ നേതാവും രംഗത്തുവന്നത്.
ശ്വസനസംബന്ധമായ ചികിത്സക്ക് അവധി എടുത്തതെന്നാണ് വൈശാഖൻ നൽകിയ മറുപടി. സംഘടനക്കോ പാർട്ടിക്കോ പരാതി ലഭിച്ചതായി അറിവില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും വിശദീരിച്ചത്. ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയാണ് ആരോപണത്തിന് പിന്നിലെന്നാണ് വൈശാഖനെ അനുകൂലിക്കുന്നവർ വാദിച്ചത്. ഭഗത് സിങ് സെന്റർ നിർമ്മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വൈശാഖന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. ഇതിന്‍റെ പ്രതികാരമാണ് വൈശാഖനെതിരായ ആരോപണമെന്നും വൈശാഖൻ അനുകൂലികൾ പറയുന്നു. പോരും ആരോപണങ്ങളും ശക്തമാകുമ്പോഴും സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave A Comment