രാഷ്ട്രീയം

ഒരുകോടി രൂപവീതം സ്വപ്ന സുരേഷിനും ശിവശങ്കറിനും, 2 കോടി എ.സി.മൊയ്തീന്; അനിൽ അക്കര

തൃശ്ശൂർ: മുൻ മന്ത്രി എ.സി മൊയ്തീനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ലെെഫ് മിഷൻ ഇടപാടിൽ രണ്ട് കോടി രൂപ എ.സി മൊയതീന് ലഭിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യം സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് അറിയാമായിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു.

തോമസ് ഐസക്കും ജോൺ ബ്രിട്ടാസും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറയുന്നുണ്ട്. ഈ ഖാലിദ് കൊണ്ടുപോയ നാല് കോടി രൂപയിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിൽ ബാക്കിയുള്ള രണ്ട് കോടി രൂപ എ.സി മൊയ്തീനും ലഭിച്ചതാണ്.

ഇക്കാര്യത്തിൽ ഇവർ മറുപടി പറയണം. ഖാലിദിന് ഈ വിഷയത്തിൽ നാല് കോടി രൂപ ലഭിച്ചുവെന്ന് ഇവർക്ക് എങ്ങിനെയാണ് മനസ്സിലായതെന്നും അനിൽ അക്കര ചോദിച്ചു.

ലഭിച്ച രണ്ട് കോടി രൂപ സതീഷ് മുഖാന്തരം അദ്ദേഹം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. പിന്നീട്, ഈ സംഖ്യ നഷ്ടപ്പെടുമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. ഡി.വൈ.എസ്.പി ഇത്തരത്തിൽ ഇടപെട്ടത് പണം എ.സി മൊയ്തീന്റെ കൂടെയാണെന്നതിന്റെ സൂചനയാണെന്നും അനിൽ അക്കര പറഞ്ഞു.

രണ്ട് കോടി രൂപ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന് ലഭിച്ചതായി താൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞു. എന്നാൽ, കരുവന്നൂർ ബാങ്ക് വിഷയത്തിൽ അന്വേഷണം വന്ന സമയത്താണ് അദ്ദേഹം തനിക്കെതിരായ ഒരു കോടി രൂപയുടെ കേസ് പത്ത് ലക്ഷമായി കുറച്ചത്. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായീകരണം തനിക്ക് സമ്പാദ്യമില്ല എന്നതാണ്.

ആദ്യത്തെ പരാതിക്കാരൻ അപകടത്തിൽ മരിച്ചു. രണ്ടാമതായി കേസിൽ ഇടപെട്ട ബേബി ജോണിനെതിരെ രണ്ട് വധശ്രമങ്ങളുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട ആളുകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളിലേക്ക് പോലും ഇവർ പോകുന്നു, അനിൽ അക്കര പറഞ്ഞു.

Leave A Comment