രാഷ്ട്രീയം

'ആരുപറഞ്ഞു , മാളയില്‍ ഉപതെരഞ്ഞെടുപ്പായെന്ന്?'; മാളയില്‍ സി പി എം ഇരട്ടനീതി കാട്ടി: എ എ അഷ്‌റഫ്‌

മാള: മാള ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ഉപതെരെഞ്ഞെടുപ്പായെന്നും, ജോഷി കാഞ്ഞൂത്തറയുടെ അംഗത്വം റദ്ദ് ചെയ്തുവെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഡി സി സി സെക്രട്ടറി എ എ അഷ്‌റഫ്‌. തന്‍റെ ഫേസ് ബുക്ക്‌ പേജിലാണ് എ എ അഷ്‌റഫ്‌ മാളയിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് പ്രതിബാധിച്ചിരിക്കുന്നത്. ജോഷി കാഞ്ഞൂത്തറയുടെ അറസ്റ്റില്‍ ഭരണസമിതി രാഷ്ട്രീയം കണ്ടുവെന്നും ടി പി രവീന്ദ്രനോടും ജോഷിയോടും സി പി എം ഇരട്ടനീതി കാട്ടിയെന്നും സൂചിപ്പിക്കുന്നു.


എ എ അഷ്‌റഫിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

മാള ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ഉപതെരെഞ്ഞെടുപ്പായെന്നും, ജോഷി കാഞ്ഞൂത്തറയുടെ അംഗത്വം റദ്ദ് ചെയ്തുവെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈയവസരത്തിൽ ഇതേ കുറിച്ചൊരു വിശദീകരണം നന്നായിരിക്കുമെന്ന് കരുതിയാണീ കുറിപ്പ്.

ജോഷിയുടെ അംഗത്വം റദ്ദ് ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തിരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നത് പഞ്ചായത്ത് സെക്രട്ടറി വിലക്കുകയും ചെയ്തു. തുടർ നടപടികൾക്കായി സെക്രട്ടറി വിവരം സർക്കാരിനെയും, തെരെഞ്ഞെടുപ്പു കമ്മിഷനേയും സമീപിക്കുന്നു. പഞ്ചായത്ത് തലത്തിലും, സർക്കാർ തലത്തിലും ജോഷിയുടെ അപ്പീൽ രാഷ്ട്രീയമായ പക്ഷപാതത്താൽ നിരസിച്ചു. സ്വാഭാവികമായും പഞ്ചായത്ത് തീരുമാനം സർക്കാരും, കമ്മിഷനും അംഗീകരിച്ചു. പഞ്ചായത്ത്, സർക്കാർ, ഇലക്ഷൻ കമ്മീഷൻ എന്നിവർക്കെതിരെ ജോഷി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഒക്ടോബർ 27 നാണ് അടുത്ത ഹിയറിംങ്ങ്. അവിടെ മേൽ പറഞ്ഞ എതിർ വിഭാഗത്തിന് അനുകൂലമായി വിധിയുണ്ടാകുവാൻ തകൃതിയായി പണി നടക്കുന്നു. നീതി പീഠത്തിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ കാത്തിരിക്കുന്നു. ഹൈക്കോടതി വിധി എതിരായാൽ അടുത്ത നടപടിയെ കുറിച്ചാലോചിക്കും. ഹൈക്കോടതി വിധി അനുകൂലമാകുമെന്ന വിശ്വാസത്തിൽ ഉപതെരെഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ കമ്മീഷൻ ആരംഭിച്ചിരിക്കുന്നുവെന്ന് മാത്രം!

ജോഷി കാഞ്ഞൂത്തറക്കെതിരായ കേസ് പണംതട്ടിപ്പോ, മറ്റു രാഷ്ട്രീയ കാരണങ്ങളോ അല്ല. ക്രിമിനലായ ഒരു ഡോക്ടറിൽ നിന്നും, സ്വന്തം കുടുംബത്തിനുണ്ടായ ദുരനുഭവത്തെ ചോദ്യം ചെയ്തതാണ് സംഭവം. കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാൻ മാറിനിന്ന കാലയളവിൽ പഞ്ചായത്ത് യോഗത്തിൽ തുടർച്ചയായി പങ്കെടുത്തില്ലെന്ന കാരണത്താലാണ് അംഗത്വം റദ്ദ് ചെയ്യുന്ന ക്രൂരതയിലെത്തിച്ചത്.
ടി.പി. രവീന്ദ്രൻ തട്ടിപ്പ് നടത്തിയെന്ന് കോടതിയാണ് വിധിച്ചത്. തട്ടിയെടുത്ത പണം തിരികെ കൊടുക്കാനുള്ള കോടതി വിധി പാലിക്കാതെ വന്നപ്പോൾ കോടതിയാണ് അറസ്റ്റ് വാറണ്ട് അയച്ചിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടത്തുമ്പോൾ മാറി നിൽക്കാനുള്ള മാന്യത കാണിക്കാതെ രവീന്ദ്രൻ പഞ്ചായത്ത് യോഗത്തിലും നാട്ടിലും വിലസുന്നു. ഈ ഇരട്ട നീതിയുടെ ബലമെന്നത് അധികാരമാണ്. അധികാരമു പയോഗിച്ച് എങ്ങിനെയും ന്യായവും നീതിയും തട്ടിമാറ്റി കപട നീതിന്യായം പ്രസംഗിക്കാനും, പ്രാവർത്തികമാക്കുവാനും സി പി എം ചെയ്യുന്ന പല തറവേലകളിലൊന്നു മാത്രമാണിത്.

Leave A Comment