സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സസ്പെൻഷനിലായ 14 എംപിമാർ കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാടിന്റെ വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത് എന്നും സുരേന്ദ്രൻ വാർത്താകുറിപ്പിൽ അറിയിച്ചു.മൂന്ന് സംസ്ഥാനങ്ങളിൽ തോറ്റ് തുന്നംപാടിയ കോൺഗ്രസ് അതിന്റെ അരിശം തീർക്കാൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ്. സുപ്രധാനമായ നിയമനിർമ്മാണം നടത്താനുള്ള സഭയെ അധമമായ രാഷ്ട്രീയ താത്പര്യത്തിനുള്ള വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അധികാരം എങ്ങനെയെങ്കിലും കൈപിടിയിലാക്കുക എന്നത് മാത്രമാണ് ഐഎൻഡി മുന്നണിയുടെ ലക്ഷ്യം.
ഉപരാഷ്ട്രപതിയെയും സ്പീക്കറെയും രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ അവഹേളിച്ചത് ഗൗരവതരമാണ്. രാജ്യസഭാ തലവനായ ഉപാരാഷ്ട്രപതിയെ ജാതീയമായി അപമാനിച്ച രാഹുൽഗാന്ധിയുടെയും സംഘത്തിന്റെയും നടപടി മാപ്പർഹിക്കാത്തതാണ്. ഇതിനെതിരെ ഇന്ന് (ഡിസംബർ 21)ന് എൻഡിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുകയാണ് സസ്പെൻഷനിലുള്ള എംപിമാർ ചെയ്യുന്നത്. ഇവർക്ക് വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. പാർലമെന്റിൽ അപമര്യാദയായി പെരുമാറിയ 14 എംപിമാരെയും തുറന്നു കാണിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Leave A Comment