രാഷ്ട്രീയം

കലാമണ്ഡലം ഗോപിയുടെ മകന്‍റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ​ഗുരുകൃപ പിന്‍വലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്. 

കലാമണ്ഡലം ​ഗോപിയെ കാണാൻ സുരേഷ് ​ഗോപി വരുമെന്നും പത്മഭൂഷൻ കിട്ടേണ്ടേ, അതിനാൽ സമ്മതിക്കണമെന്നും കുടുംബ ഡോക്ടർ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്നാണ് മകൻ പറഞ്ഞത്. എന്നാൽ സുരേഷ് ​ഗോപിയോട് വരേണ്ടതില്ലെന്ന് പറയുകയായിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. എന്നാൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മകൻ പിന്നീട് പറഞ്ഞു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു മകന്റെ വിശദീകരണം.

Leave A Comment