‘പൈസ വാങ്ങി കുനിഞ്ഞ് നിൽക്കാൻ ഞങ്ങൾക്ക് ബിനാമി ബിസിനസ് ഇല്ല’; തിരിച്ചടിച്ച് പോരാളി ഷാജി
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. രൂക്ഷ വിമർശനവുമായാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്ന് പോരാളി ഷാജി പോസ്റ്റിൽ പറയുന്നു.
'പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എംവി ജയരാജൻ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ലെന്നും ജനം എല്ലാം കണ്ടതുകൊണ്ടാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാനുള്ള 19 കാരണങ്ങൽ ചൂണ്ടിക്കാട്ടിയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. 6 മാസം പെൻഷൻ മുടങ്ങിയതുൾപ്പെടെയുള്ള കാരണങ്ങൾ പോരാളി ഷാജി ചൂണ്ടിക്കാണിക്കുന്നു. സിപിഎമ്മിനെ വിമർശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലി എന്നത് പോരാളി ഷാജി പേജിന്റെ ശൈലിയല്ല. ഇത്തരം സൈബർ അക്രമം നടത്തുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട മുഖമുള്ള ഒരുവിഭാഗം അണികളാണെന്നും പോരാളി ഷാജി പറയുന്നു. ഇത് മറുപടി അല്ല ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഇടത് അനുകൂലി ആണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും പോരാളി ഷാജി പറയുന്നു.
Leave A Comment