രാഷ്ട്രീയം

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തുടരുന്നു, ആലുവ കമ്പനിപ്പടിയിൽ കരിങ്കൊടി കാട്ടി

കൊച്ചി : ആലുവയിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കമ്പനിപ്പടിയിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലേയും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. രാത്രിയിൽ തൃശൂരിലായിരുന്നു ഇന്നലത്തെ പ്രതിഷേധം.

 കോഴിക്കോട് നിന്നും ആലുവയിലേക്ക് മുഖ്യമന്ത്രി പോകും വഴിയാണ് കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകയടക്കമുള്ളവര്‍ ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ധനേഷ്, ഗ്രീഷ്മ എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പൊലീസുകാര്‍ ഇല്ലാതെ പുരുഷ പൊലീസുകാരാണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തെന്നും ഇതിനെതിരെ പരാതി നൽകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വലിയ ജാഗ്രതയിലായിരുന്നു പൊലീസ്. മേഖലയിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ച് കര്‍ശന ജാഗ്രത ഉറപ്പുവരുത്തി. പ്രതിഷേധത്തിന് ഒരുങ്ങുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ കൗൺസിലർ ഉൾപ്പെടെ  മൂന്ന് കോൺഗ്രസ് പ്രവർത്തകരെ കുന്നംകുളം പോലീസ് കരുതൽ തടങ്കലിലുമാക്കിയിരുന്നു.

 കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട്  എന്നിവരെയാണ് പോലീസ് കരുതൽ തടങ്കലിലാക്കിയത്.

Leave A Comment