രാഷ്ട്രീയം

ഗവര്‍ണര്‍‍ക്ക് ആർഎസ്എസിനോട് വിധേയത്വം, വല്ലാതെ തരംതാഴ്രുതെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയില്‍ പേരെടുത്ത് വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍‍ക്ക് ആര്‍.എസ്.എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശആശയത്തെ പുച്ഛിക്കുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്ഷേപിക്കുന്നത് ശരിയല്ല. ഭരണഘടനാപദവിയിലിരുന്ന് വല്ലാതെ തരംതാണ് സംസാരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവര്‍ണര്‍ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുത്.

ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയ്യൂക്കുകൊണ്ടല്ല കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നത്. കയ്യൂക്കുകൊണ്ട് ജനങ്ങളെ ഒരുപക്ഷത്താക്കാം എന്ന് കരുതരുത്. 

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച്‌ പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുതെന്ന് പിണറായി തിരിച്ചടിച്ചു. ഭരണഘടന പദവിയില്‍ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവസരം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന്‍്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പറയേണ്ടത്. കമ്യൂണിസ്റ്റുകാര്‍ കയ്യൂക്കുകൊണ്ടാണ് കാര്യങ്ങള്‍ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉള്‍ക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോയെന്നാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആര്‍എസ്‌എസ് ആഗ്രഹിക്കുന്നത്. ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം കടമെടുത്ത് ആര്‍എസ്‌എസ് ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നു.ഈ ആര്‍എസ്‌എസിനെയാണ് ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ഗവര്‍ണര്‍ പുകഴ്ത്തി പറയുന്നത്.

ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പാര്‍ട്ടികള്‍ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ഒരാള്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നൊരു രീതിയല്ല, ഗവര്‍ണര്‍ പദവിയിലിരുന്ന് പറഞ്ഞാലുണ്ടാകുക. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിക്കാന്‍ വല്ലാതെ പാടുപെട്ടുകൊണ്ട് പറയുന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കയ്യൂക്ക് കൊണ്ടാണത്രേ കാര്യങ്ങള്‍ കാണുന്നത്. എങ്ങനെയാണ് ഗവര്‍ണറങ്ങനെ പറയുക? കേരളത്തിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രം അദ്ദേഹം ഉള്‍ക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. ക്രൂരമായി വേട്ടയാടപ്പെട്ടു. വീടുകളില്‍ കയറി അമ്മ പെങ്ങള്‍മാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്വ ഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തില്‍ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വര്‍ഷം കഴിയും മുന്നേയാണ് 1957 ല്‍ ജനങ്ങള്‍ കമ്യൂണിസ്റ്റുകാരെ ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്.

ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരന്‍ മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വര്‍ഷങ്ങളെടുത്താല്‍ അതിനീചമായ വേട്ട കമ്യൂണിസ്റ്റ്കാര്‍ ഇരയായിരുന്നുവെന്നാണ്. പക്ഷേ ആ വേട്ടക്കാര്‍ക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാരത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും പിണറായി പറഞ്ഞു.

Leave A Comment