രാഷ്ട്രീയം

ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു; കെ സുധാകരൻ

എ കെ ജി സെന്റർ ആക്രമിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇ പി ജയരാജന് മാത്രമേ വിഷയത്തിൽ ഉത്തരം നൽകാൻ കഴിയൂ.എ കെ ജി സെന്റർ ആക്രമിച്ച സംഭവത്തിൽ പൊലീസ് രാഷ്ട്രീയം കളിക്കരുത്. അക്രമസംഭവങ്ങളിൽ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പൊലീസിന്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു. നീതി നടപ്പാക്കാനുള്ള ധാർമികബോധമില്ലാത്ത വിഭാഗമായി പൊലീസ് മാറിയെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. 

ഇതിനിടെ എം എം മണിയുടെ ആക്ഷേപത്തിൽ ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സിപിഎംഐ നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം നടപടികളിൽ ഇടപെടാനുള്ള അവകാശം ഉണ്ടെന്നും സി പിഎം ഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സിപിഐഎം കെ കെ രമയോട് ചെയ്തത് വലിയ ക്രൂരതയാണ്. എന്നിട്ടും അവരെ ഇപ്പോഴും വേട്ടയാടുന്നുവെന്നും കെ സുധാകരൻ എം പി പറഞ്ഞു.
എം.എം മണി എല്ലാ കാലത്തും വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന നേതാവാണ്. മുഖ്യമന്ത്രിയുടെ നിലപാട് ഇതാണെങ്കിൽ മണിയുടെ കാര്യത്തിൽ കൂടുതൽ പറയാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരൻ പറഞ്ഞു. കെ എസ് യു , യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. ഇതിനിടെ കെ എസ് യു ചിന്തൻ ശിബിർ ക്യാമ്പിൽ നടന്നതെന്ന് പറയപ്പെടുന്നത് വസ്തുതാപരമായ കാര്യങ്ങളല്ല. പരാതി കെട്ടിച്ചമച്ചതാണെന്നും അക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment