താനൂര്‍ ദുരന്തം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടിയിലായി
കൊച്ചി: താനൂരില്‍ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമയായ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടിയില്‍. വാഹനത്തില്‍ ഉണ്ടായിരുന്ന നാസറിന്റെ സഹോദരനും സുഹൃത്തും അടക്കമുള്ള നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലാരിവട്ടം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് വാഹനം പിടികൂടിയത്. നാസര്‍ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്നാണ് പോലീസിന്റെ നിഗമനം.
അപകടത്തിന് പിന്നാലെ താനൂര്‍ സ്വദേശിയായ നാസര്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപകടത്തില്‍പെട്ട ബോട്ടിന് വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.
Leave A Comment