പ്രധാന വാർത്തകൾ

മണിപ്പുര്‍ വിഷയം: അവിശ്വാസപ്രമേയ ചര്‍ച്ച ഈ മാസം എട്ടിന്

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യം കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന് മേലുള്ള ചര്‍ച്ച ഈ മാസം എട്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 10ന് മറുപടി നല്‍കും.

ആസാമില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവുമായ ഗൗരവ് ഗൊഗോയ് ആണ് മണിപ്പുര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുവാദം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നല്‍കിയിരുന്നു. മണിപ്പുരില്‍ നടക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പ്രധാനമന്ത്രി പ്രസ്താവന ഇറക്കണമെന്ന് വര്‍ഷകാല സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' ആവശ്യപ്പെടുന്നുണ്ട്.

മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്. 2018ല്‍ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.

മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാജ്യസഭ 12 വരെയും ലോക്‌സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെയും നിര്‍ത്തിവച്ചിരുന്നു.

Leave A Comment