പ്രധാന വാർത്തകൾ

ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥിനിയെ കടിച്ചു; ആശുപത്രിയിൽ

പാലക്കാട് : മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയിലെ കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് തെരുവുനായയുടെ  കടിയേറ്റു. ക്ലാസിലെത്തിയ തെരുവുനായ  ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാർത്ഥിനിക്ക് കടിയേറ്റത്. 

നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാ​ഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകർ ചേർന്നാണ് നായയെ ഓടിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

Leave A Comment