പൊലീസ് എയ്ഡ് പോസ്റ്റ് ലോറി ഇടിച്ച് തകർന്നു
ആലുവ∙ പറവൂർ കവലയിൽ നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു. പറവൂരിൽ കാറുകൾ ഇറക്കിയ ശേഷം ചെന്നൈയിലേക്കു പുറപ്പെട്ട നാഗാലാൻഡ് റജിസ്ട്രേഷൻ ഉള്ള കണ്ടെയ്നർ ലോറിയാണ് പറവൂർ കവലയിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു തിരിയുന്നതിനിടെ എയ്ഡ് പോസ്റ്റിലേക്കു പാഞ്ഞു കയറിയത്. രണ്ടടി ഉയരത്തിൽ സ്ഥാപിച്ചിരുന്ന എയ്ഡ് പോസ്റ്റ് ഇടിയുടെ ആഘാതത്തിൽ ദേശീയപാതയിലേക്കു മറിഞ്ഞുവീണു. അകത്തെ ട്രാഫിക് സിഗ്നൽ കൺട്രോൾ യൂണിറ്റ് പൂർണമായി തകർന്നു. അപകട സമയത്തു കാബിനിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
ദേശീയപാതാ നിരീക്ഷണത്തിനു സ്ഥാപിച്ച 4 ക്യാമറകളും സിസിടിവി മോണിറ്ററും ലൈറ്റുകൾ, ഫാനുകൾ, കസേരകൾ എന്നിവയും തകർന്നു. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ട്രാഫിക് കൺട്രോൾ യൂണിറ്റ് തകരാറിലായതിനാൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നഗരത്തിലെ ഏറ്റവും തിരക്കുള്ളതും അപകടങ്ങൾ കൂടിയതുമായ കവലയാണിത്. 3 പൊലീസ് ഉദ്യോഗസ്ഥർ നിന്നാണ് ഇപ്പോൾ ഗതാഗതം നിയന്ത്രിക്കുന്നത്. ദേശീയപാതയിലേക്കു മറിഞ്ഞു കിടന്ന കാബിൻ ക്രെയിൻ ഉപയോഗിച്ചു നീക്കി. 2 മാസം മുൻപു നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി എയ്ഡ് പോസ്റ്റിനു കേടുപാടുകൾ സംഭവിച്ചിരുന്നു.
Leave A Comment