മലയാളിക്ക് മാറ്റിനിര്‍ത്താനാകാത്ത മാന്ത്രിക മദനകല
മദനനെന്ന് കേള്‍ക്കുമ്പോള്‍ പഴയ തലമുറക്കാര്‍ ഓര്‍ക്കുക രമണന്റെ ചങ്ങാതിയെയാണ്. എന്നാല്‍ പുതിയ തലമുറയ്ക്ക് മദനനെന്നാല്‍ അനുഗ്രഹീതനായ ചിത്രകാരനെയാണ് ഓര്‍മ്മ വരിക. അതാണ് മലയാളി മനസില്‍മദനന്റെ സ്ഥാനം. കഥയായാലും കവിതയായാലും നോവലായാലും മദനന്റെ വരയിലൂടെ മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് കണക്കില്ല.ഒരു പുരുഷായുസ്സ് മുഴുവന്‍ വരികളെ വരകളിലൂടെ മനോഹരമാക്കിയ മദനന്‍ മാഷ് തന്‍റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ ഓര്‍ത്തെടുക്കുന്നു.
ആര്‍ട്ടിസ്റ്റ് മദനന് പറയാനുള്ളത്

ഞങ്ങള്‍ താമസിച്ചിരുന്നത് വാടക വീട്ടില്‍ ആയിരുന്നു. അവിടെ ഗുരുകുല സബ്രദായത്തില്‍ അച്ഛന്‍ ചിത്രകല പഠിപ്പിച്ചിരുന്നു. അന്നത്തെ ചുറ്റുപാടിലും ധാരാളം പേര്‍ പഠിക്കാന്‍ വന്നിരുന്നു.
അച്ഛനാണ് ആദ്യ ഗുരു
ഞാന്‍ കുട്ടിക്കാലം മുതലേ കണ്ടതും വളര്‍ന്നതും ചിത്രങ്ങള്‍ക്കുള്ളിലായിരുന്നു. അച്ഛനില്‍ നിന്ന് തന്നെയാണ് ഞാനും ചിത്രകല പഠിച്ചത്. അല്ലാതെ ഒരു ആര്‍ട്ട് സ്കൂളിലും പഠിച്ചിട്ടില്ല. ആചാരി മാഷ് എന്നാണ് അച്ഛന്‍ അറിയപ്പെട്ടിരുന്നത്. ആചാരി മാഷിന്റെ മകന്‍ എന്ന് ഞാനും.ആ ബഹുമാനം എനിക്കിന്നും ലഭിക്കുന്നു.
നാലാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സംസുതാന തല ചിത്ര രചന മത്സരത്തില്‍ ആദ്യമായി പങ്കെടുക്കുന്നതും ഒന്നാം സമ്മാനം ലഭിക്കുന്നതും.അതെന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവായിരുന്നു.അതുപോലെ തന്നെ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്സിറ്റി തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. ബിരുദത്തിന് തിരഞ്ഞെടുത്ത വിഷയം ചരിത്രമായിരുന്നു.
ഒപ്പം തന്നെ അച്ഛന്റെ കീഴില്‍ ചിത്രകലയും പഠിച്ചു ജയിച്ചു.
1980ല്‍ മലബാര്‍ക്രിസ്ത്യന്‍ കോളജ് ഹൈസ്കൂളില്‍ ചിത്രകലാ അധ്യാപകനായി.ജീവിതത്തിലെ അടുത്ത വഴിത്തിരിവ് ദേശാഭിമാനിയില്‍ ജോലിക്ക് കയറിയതാണ്.
പഠിക്കുമ്പോഴേ കുറച്ചു ചിത്രങ്ങളുമായി ദേശാഭിമാനി വാരികയുടെ ഓഫീസില്‍ പോയി. അന്ന് പ്രശസ്ത ചിത്രകാരന്‍ ചന്ദ്രശേഖരനായിരുന്നു ദേശാഭിമാനിയില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തോടൊപ്പം ഞാനും പാര്‍ട്ട് ടൈം ജോലി ചെയ്തു. അതും ഒരു വഴിത്തിരിവായിരുന്നു.
വഴിതിരിച്ചു വിട്ട മാതൃഭൂമി

ദേശാഭിമാനിയിലെ വര കണ്ടിട്ട് മാതൃ ഭൂമിയിലെ ചീഫ് ആര്‍ട്ടിസ്റ്റ് എസ് ആര്‍ നായര്‍ എന്നെ കാണണമെന്ന് പറഞ്ഞു.അങ്ങനെ 1984ല്‍ മത്രുഭൂമിയിലെത്തി.അന്ന് അമ്മ സാവിത്രി തീരെ അവശയായി കിടപ്പായിരുന്നു. മാതൃ ഭൂമിയിലെത്തിയതും വലിയ വഴിത്തിരിവായി. കഴിഞ്ഞ വര്ഷം വിരമിക്കുന്നത് വരെ സാരഥിയായി തുടരണമെന്ന് പറഞ്ഞു. ഇപ്പോഴും തുടരുന്നു.
അന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഒഴിവിലേക്കാണ് ഞാനെത്തിയത്. കേരളത്തിലെ പ്രശസ്തരും അതി പ്രശസ്തരുമായ പലരുടെയും കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രം വരയ്ക്കാനുള്ള ഭാഗ്യമുണ്ടായി.ഇന്ത്യയിലെ നഗരങ്ങളില്‍ യാത്ര ചെയ്ത് നഗര ചിത്രീകരണം നടത്തിയിട്ടുണ്ട്.മേജര്‍ സിറ്റികളില്‍കൂടി നടന്ന് ഡയറക്റ്റ് സ്കെച്ച് ചെയ്ത് അവിടെ ഇരുന്നും വരയ്ക്കും.
യാത്രകളിലെ വര ഒരുപാടിഷ്ടമാണ്

ഡല്‍ഹി,ബോംബെ,കല്‍ക്കട്ട,മദ്രാസ്,ലക്ഷ ദ്വീപ്,പിന്നെ മുംബയിലെ ഡിവൈഡറില്‍ ഇരുന്ന് വിക്ടോറിയ ടെര്‍മല്‍ സ്റ്റേഷന്‍ വരച്ചിട്ടുണ്ട്.യാത്രകളിലെ വര ഒരുപാടിഷ്ടമാണ്.പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം അങ്ങനെ വരച്ചവയില്‍ ഒന്ന്.ലളിത കലാ അക്കാദമി മെമ്പറും കേരള സാഹിത്യ അക്കാദമിയിലെ ജോലിയുമായിരുന്നു.പോട്രേറ്റും വസ്തു കലയും ഇഷ്ടം.എക്സിബിഷനും നടത്തിയിട്ടുണ്ട്.
ഇഷ്ടമുള്ളവരുടെ അടുത്ത് പോയി നേരിട്ട് സ്കെച്ച് ചെയ്യുക ഇഷ്ടമുള്ള കാര്യമാണ് .ശെമ്മാങ്കുടി,യേശുദാസ്,ജയചന്ദ്രന്‍,മാധുരി,അര്‍ജുനന്‍ മാസ്റ്റര്‍,ദേവരാജന്‍ മാഷ് തുടങ്ങിയവരൊക്കെ ഇതില്‍ ഉള്‍പ്പെടും.മുംബയില്‍ പോയ കാലത്ത് ലതാ മങ്കേഷ്കറെ കണ്ട് ചിത്രം വരച്ച് നല്‍കണം എന്നാഗ്രഹിച്ചെങ്കിലും നടന്നില്ല.അതിന്‍റെ ദുഃഖം ഉള്ളില്‍ ഉണ്ട്.ഒരുപാട് യാത്രകള്‍ നടത്താന്‍ കഴിഞ്ഞു.ലോക പ്രശസ്തരെ കാണാനും അറിയാനും കഴിഞ്ഞു. ഏറ്റവും വലിയ ഗ്യാലറിയില്‍ പോകാന്‍ കഴിഞ്ഞു.ലോക ചിത്രകാരന്മാരുടെ ഒറിജിനല്‍ പെയിന്‍റിംഗ് കാണാന്‍ കഴിഞ്ഞു.
ചിത്ര കല സൗഹൃദങ്ങൾ സമ്മാനിച്ചു

അളവറ്റ സൗഹൃദം സ്ഥാപിക്കാനും ചിത്ര കല കൊണ്ട് സാധിച്ചു.ഭാര്യ ബിനു മദനന്‍ അദ്ധ്യാപികയാണ്.രണ്ടു പെണ്മക്കള്‍ സീതയും ഗംഗയും .ഞാനിപ്പോഴും വരകള്‍ക്കുള്ളില്‍ ജീവിക്കുന്നു.
ഇനി എപ്പോഴും അങ്ങനെ തന്നെ.
തയ്യാറാക്കിയത് : ഉമ ആനന്ദ്
Leave A Comment