വഴിത്തിരിവുകള്‍

സംഗീതത്തെ പ്രാണ വായുവാക്കിയ കെ.എം ഉദയൻ പിന്നിട്ട സംഗീത വഴികൾ ഓർത്തെടുക്കുന്നു

ജനിച്ച ഗ്രാമത്തിൽ തന്നെ ജീവിക്കാനും നാടിന്റെ അംഗീകാരവും ആദരവും നേടാനുമുള്ള ഭാഗ്യം
 സ്ഥാപനങ്ങളിലൊ അക്കാദമികളിലൊ പോകാതെ ഒരു സർട്ടിഫിക്കറ്റും കരസ്ഥമാക്കാതെ ഗുരുമുഖത്ത് നിന്നും മാത്രം സംഗീതം അഭ്യസിച്ച് നേടിയ സുകൃതം
സംഗീത ലോകത്തെ പുതുമുഖങ്ങൾ മുതൽ അതികായരെ വരെ ഉൾപ്പെടുത്തി സംവിധാനം ചെയ്ത നാലായിരത്തിൽപ്പരം ഗാനങ്ങളിലുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യ. സംഗീതത്തെ പ്രാണ വായുവായി കരുതുന്ന  കെ.എം ഉദയൻ താൻ പിന്നിട്ട സംഗീത വഴികൾ ഓർത്തെടുക്കുന്നു.

ക്ലബ്ബുകൾ അവതരിപ്പിക്കുന്ന പരിപാടികളായിരുന്നു പ്രചോദനം

ജനിച്ചതും വളർന്നതും പഠിച്ചതും ഇപ്പോൾ ജീവിക്കുന്നതും എളമക്കരയിൽ . അച്ഛൻ കെ.കെ.മാധവൻ . അമ്മ തങ്കമ്മ. ആറുമക്കളിൽ ഞാനാണ് അവസാനത്തെ മകൻ. വീട്ടിൽ എല്ലാവർക്കും സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു. അമ്മയും അമ്മയുടെ സഹോദരനും നന്നായി പാടും. മക്കൾ ഞങ്ങൾക്കും സംഗീതത്തിലും കലയിലുമൊക്കെ താൽപര്യമുണ്ടായിരുന്നു. അതിൽ നാടകവും, കവിതയും പാട്ടുമൊക്കെ ഉൾപ്പെടും. നാട്ടിൽ ഓരോ ക്ലബ്ബുകൾ അവതരിപ്പിക്കുന്ന പരിപാടികളായിരുന്നു പ്രചോദനം . ഞാൻ പന്ത്രണ്ടാം വയസ്സിലാണ് സംഗീതം പഠിച്ചു തുടങ്ങിയത്. ആദ്യ ഗുരു കങ്ങഴ വാസുദേവൻ . നാലു വർഷത്തോളം അദ്ദേഹത്തിന്റെ കീഴിൽ അഭ്യസിച്ചു. പിന്നീട് മൂന്ന് വർഷത്തോളം രാജീവ് വർമ്മയുടെ കീഴിൽ അഭ്യസിച്ചു. എം.ആർ മധുസൂദന മേനോനായിരുന്നു. അടുത്ത ഗുരു. അദ്ദേഹത്തിന്റെയടുത്ത് എത്ര വർഷം അഭ്യസിച്ചു എന്ന് കൃത്യമായ കണക്കില്ല.കാരണം ഗുരു വിളിക്കുമ്പോഴെല്ലാം ഞാൻ പോകും. 



 ഒരു സിലബസിൽ ഒതുക്കാൻ പറ്റിയതല്ല സംഗീതം

പത്താം തരം കഴിഞ്ഞതും ഞാൻ സംഗീതത്തിനായിത്തന്നെ ജീവിതം മാറ്റി വെച്ചു. കോളേജിൽ പഠിച്ചില്ല എന്നു മാത്രമല്ല. സംഗീത കോളേജിലും പഠിച്ചില്ല.കാരണം അതിലെ ഔപചാരികമായ പരീക്ഷ എഴുതുന്നതിൽ താൽപര്യമില്ലാത്തതു കൊണ്ടു തന്നെ. ഒരു സിലബസിൽ ഒതുക്കാൻ പറ്റിയതല്ല സംഗീതം. ഉദാ. ഞാൻ പഠിച്ച ഗുരുക്കൻമാരെല്ലാം വ്യത്യസ്ഥരായിരുന്നു. ആരും തന്നെ ഒരേ രീതിയിലല്ല എന്നെ സംഗീതം പഠിപ്പിച്ചിരുന്നത്. 1980 ൽ ഭക്തി ഗാനമേള ആദ്യമായി അവതരിപ്പിച്ചു പിന്നെ 1984 ൽ രാഗശ്രീ ഓർക്കിസ്ട്ര എന്ന പേരിൽ സ്വന്തമായി ട്രൂപ്പു തുടങ്ങി. അഞ്ചു മന ദേവീ ക്ഷേത്രത്തിൽ വെച്ചായിരുന്നു അതിന്റെ ഉദ്ഘാടനം . ഇപ്പോൾ കെ.എം ഉദയൻ എന്ന പേരിൽത്തന്നെയാണ് ട്രൂപ്പ്. "ദീപാരാധന " എന്ന പേരിൽ ആദ്യ കാസറ്റ് 92 ൽ പുറത്തിറങ്ങി.ഉണ്ണി മേനോനും ഉണ്ണികൃഷ്ണനും ഞാനുമായിരുന്നു അതിൽ പാടിയിരുന്നത്. 


ദാസേട്ടനു വേണ്ടി മുപ്പതിൽ കൂടുതൽ പാട്ടുകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു

35 വർഷക്കാലത്തിൽ ഇതുവരെ 4000 ന് മുകളിൽ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.കൂടുതലും ഭക്തിഗാനങ്ങളാണ്. പി.ലീല, യേശുദാസ് ,  ചിത്ര, വാണി ജയറാം , എം.ജി ശ്രീകുമാർ , സുജാത , ശ്വേത തുടങ്ങിയർ എന്റെ സംഗീത സംവിധാനത്തിൽ പാടിയിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തിൽ എടുത്തു പറയേണ്ടത്.
 ഞാൻ ദക്ഷിണാമൂർത്തി സ്വാമി യോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നതാണ്. അതുപോലെ ജയ വിജയൻ (ജയൻ ), പെരുമ്പാവൂർ ശ്രീ രവീന്ദ്രനാഥ്, എം.ജി രാധാകൃഷ്ണൻ തുടങ്ങിയവരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്. ദാസേട്ടനു വേണ്ടി മുപ്പതിൽ കൂടുതൽ പാട്ടുകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു. സംഗീത സംവിധാനത്തിന്റെ 25ാം വർഷം നടത്തിയ"ഉദയരാഗം " എന്ന പരിപാടിയിൽ ദാസേട്ടനടക്കം സംഗീത രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.




 ജീവവായുവാണ് സംഗീതം

ഭാര്യ കവിത നന്നായി പാടും പാട്ടുകൾ ആസ്വദിക്കും. മകൾ ഭവ പ്രിയ ബിരുദത്തിന് പഠിക്കുന്നതോടൊപ്പം നൃത്തവും സംഗീതവും പഠിക്കുന്നു. മകൻ രാഗാനന്ദ് എഞ്ചിനിയറിങ്ങ് കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്നു. പരിപാടികൾക്ക് മൃദംഗം വായിച്ചു കൊണ്ട് കൂടെ സംഗീതവും കൊണ്ടു നടക്കുന്നു. എന്റെ ജീവവായുവാണ് സംഗീതം. 35 വർഷമായി ക്ലാസെടുക്കുന്നു. കോവിഡു കാലത്തും ഓൺലൈനിൽ ക്ലാസു തുടർന്നു. എന്റെ ഗുരുക്കൻമാർ വഴി പഠിച്ച ചിട്ടയായ പരിശീലനമാണ് ഞാനിപ്പോൾ തുടരുന്നത്.



തയ്യാറാക്കിയത്: ഉമ ആനന്ദ് 


Leave A Comment