വഴിത്തിരിവുകള്‍

വരയോലകളിലെ ഇരട്ടകളുടെ ഒറ്റ പുസ്തകം

ഗർഭധാരണവേളയിലെ ഒരസാധാരണ പ്രതിഭാസമാണ് ഇരട്ടകൾ . ഇരട്ടകൾ രണ്ടു തരമുണ്ട്. സമാന ഇരട്ടകളും സാഹോദര്യ ഇരട്ടകളും .ഒട്ടിച്ചേർന്ന് പിറക്കുന്ന സയാമീസ് ഇരട്ടകളുമുണ്ട്.
ഇരട്ടകൾ ഇരട്ടകളെത്തന്നെ വിവാഹം കഴിക്കുന്ന വാർത്തകളൊക്കെ ഇടക്ക് പത്രങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഇരട്ടകളുള്ളത് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തിലാണ്അതിനു പിന്നിലെ ദുരൂഹത അനാവരണം ചെയ്യാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടുമില്ല

അതെന്തായാലും സൃഷ്ടിയുടെ സൗന്ദര്യമായി ഇരട്ടകൾ പിറന്നു കൊണ്ടെയിരിക്കുന്നു.

എഴുത്തിലും വരയിലും ഒരുപോലെ അഭിരുചിയും സർഗ വാസനയുമുള്ള ജനിച്ചത് മുതൽ വേർപിരിയാതെ ജീവിക്കുകയും വിവാഹാനന്തരം അടുത്തടുത്ത വീടുകളിൽ താമസിക്കുകയും ഒരുമിച്ച് എഴുതുകയും വരയ്ക്കു കയും ചെയ്യുന്ന അപൂർവ സഹോദരൻമാരായ ഹസ്സനും ഹുസ്സൈനും തങ്ങളുടെ ഇരട്ടക്കഥ പങ്കു വെക്കുന്നു.

തുടക്കം വായനയിൽ നിന്ന്  

ഞങ്ങൾ ജനിച്ചത് തമ്മനത്ത് .പഠിച്ചത് പൊന്നുരുന്നിയിൽ . ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ച് തുടങ്ങിയ ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെ. ഒരേ കോമ്പൗണ്ടിൽ അടുത്തടുത്ത വീടുകൾ . ജോലിക്ക് പോകുന്നതും വരുന്നതും വരയ്ക്കുന്നതും എഴുതുന്നതും ഒരുമിച്ച് . പത്രം വായനയിൽ നിന്നായിരുന്നു തുടക്കം. ഞങ്ങളുടെ ചെറുപ്പകാലത്ത് ചിത്രകഥാ രൂപത്തിലുള്ള പുസ്തകങ്ങൾ ഇറങ്ങിയിരുന്നു. സി.ഐ ഡി മഹേഷ്, സി.ഐ.ഡി റോബിൻ തുടങ്ങിയവ. പിന്നെ അമർചിത്രകഥകളിലേക്ക് തിരിഞ്ഞു. പിന്നീട് അടുത്ത വീട്ടിലെ ഇത്തയുടെ കൈയ്യിൽ നിന്ന് മംഗളവും മനോരമയും വായിച്ചു തുടങ്ങി .കലാ കൗമുദിയും മാതൃഭൂമിയും അതോടൊപ്പം വായനയിൽ ഉൾപ്പെടുത്തി. സിനിമാ വാരികകളും വായിക്കുമായിരുന്നു.



അരക്കിട്ടുറപ്പിച്ച വര   

 ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ അങ്ങൾ രണ്ടു പേരും വരയ്ക്കും. ആരും പറഞ്ഞു തന്നിട്ടോ പഠിപ്പിച്ചിട്ടോ അല്ല. ചുറ്റുവട്ടത്ത് കാണുന്നത് കടലാസിൽ പകർത്തും അത് രണ്ടു പേർക്കും ഹരമായിരുന്നു. കുറച്ച് വലുതായപ്പോൾ ഞങ്ങളുടെ അടുത്ത ബന്ധുവായ ഹമീദിക്ക വരയ്ക്കുന്നത് നോക്കി വരയ്ക്കാൻ തുടങ്ങി. അതായിരുന്നു വരയിലെ ആദ്യ വഴിത്തിരിവ്. ഹമീദിക്ക കലാധരൻ മാഷിന്റെയും ഫ്രാൻസിസ് മാഷിന്റെയും ശിഷ്യനായിരുന്നു. ഞങ്ങൾക്ക് ഇക്ക നല്ല പ്രോത്സാഹനം നൽകിയിരുന്നു. അടുത്ത വീട്ടിലെ കുട്ടികളെല്ലാം ചിത്രം വരയ്ക്കാൻ ഞങ്ങളെയായിരുന്നു സമീപിച്ചിരുന്നത്. 


സ്ക്കൂളിൽ നടക്കുന്ന ചിത്രരചന,കഥാ രചന, കവിതാ രചന മൽസരങ്ങൾക്കെല്ലാം പങ്കെടുക്കുമായിരുന്നു. പത്താം തരം എത്തിയപ്പോഴേക്കും ഞങ്ങൾക്ക് വരയും വായനയുമില്ലാതെ ജീവിക്കാൻ കഴിയില്ല എന്നായി. ഇനി എത്രപഠിച്ചാലും വര തന്നെ ജീവിത മാർഗ്ഗമാക്കാമെന്ന് ഞങ്ങൾ അരക്കിട്ടുറപ്പിച്ചു. ഞങ്ങളെ മലയാളം പഠിപ്പിച്ച മുരളി മാഷാണ് വായനയിലേക്ക് കൂടുതലായി വഴി തിരിച്ചുവിട്ടത്. അദ്ദേഹത്തിന്റെ ക്ലാസ്സിലിരുന്നാൽ എത്ര പഠിക്കാത്ത വിദ്യാർത്ഥിയും പഠിച്ചു പോകും. കൺമുൻപിൽ കാഴ്ച്ചകൾ കാണുന്ന പോലെയാണ് മാഷ് പാഠഭാഗങ്ങൾ പഠിപ്പിച്ചിരുന്നത്. ഞങ്ങൾ പാണ്ഡവപുരം പോലുള്ള നോവലുകൾ ഹൈസ്ക്കൂൾ കാലഘട്ടത്തിലേ വായിച്ചു തുടങ്ങി. 

വരയോലകളിലെ  സമാഗമം 

തമ്മനത്തെ വിനോദ വായനശാലയിൽ കുറച്ചു കാലം ലൈബ്രറേറിയൻമാരായി ഞങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ധാരാളം പുസ്തകങ്ങൾ വായിക്കാൻ അവസരം ലഭിച്ചു. തേജസ് പത്രത്തിന് വേണ്ടിയാണ് ആദ്യം ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. ഞങ്ങളുടെ കവിതയും  പത്രാധിപർ ജമാൽ കൊച്ചങ്ങാടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങളെക്കുറിച്ച് അദ്ദേഹമാണ് ആദ്യമായെഴുതിയത്. വര തൊഴിലാക്കിയപ്പോൾ ആ മേഖലകളിലെ എല്ലാ ജോലിയും ഞങ്ങൾ ചെയ്തു തുടങ്ങി. പോസ്റ്റർ എഴുതൽ , നഴ്സറി സ്കൂളിലെ ചിത്രങ്ങൾ, പരസ്യമേഖല എന്നു വേണ്ട തെരഞ്ഞെടുപ്പിന് ചുമരെഴുത്ത് വരെ ഞങ്ങൾ ചെയ്തിട്ടുണ്ട്. ഒരുമിച്ച് മാത്രം. ഞങ്ങളുടെ ചിത്രങ്ങൾ ഞങ്ങളുടേതു മാത്രമായും കൂട്ടായും പലയിടങ്ങളിലും പല തവണ പ്രദർശിപ്പിച്ചിട്ടുണ്ട്.


 
കഴിഞ്ഞ ഓഗസ്റ്റിലാണ് 'വരയോലകൾ' എന്ന പേരിൽ എറണകുളത്ത് ദർബാർ ആർട്ട് ഗാലറിയിൽ ഞങ്ങളുടെ ചിത്ര പ്രദർശനം നടന്നത്. 2015 ൽ ഡോ. മ്യൂസ് മേരി ജോർജ് അവതാരിക എഴുതിയ ഞങ്ങളുടെ ആദ്യ പുസ്തക പ്രകാശനം നടന്നു. "ഗോചരം " എല്ലാവരും കവിതകൾക്ക് ചിത്രം വരയ്ക്കുമെങ്കിൽ ഞങ്ങൾ ചിത്രം വരച്ച് കവിതയെഴുതുകയായിരുന്നു.അത് ഇരട്ട പുസ്തകമായിരുന്നു. ഇരു വശത്തു നിന്നും വായിക്കാം. അവതാരിക മധ്യത്തിൽ . പ്രണത ബുക്സായിരുന്നു പ്രസാധകർ. പ്രണത ഷാജിയും ( ഷാജി ജോർജ് ) മ്യൂസ് മേരി മാഡവും ഞങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളാണ്. പ്രണത ബുക്സ് ഉടമ ഷാജി ജോർജ്ജാണ് ഇരട്ടകളുടെ ഒറ്റപ്പുസ്തകം എന്ന ആശയം മുന്നോട്ട് വച്ചത് . 

ആദ്യ പുസ്തകമിറങ്ങിയ സമയം അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്രവാർത്തകളിലിടം പിടിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ചയാണ് രണ്ടാമത്തെ പുസ്തകമിറങ്ങിയത്. "ഓർമ്മകളാൽ മുറിവേറ്റ വരയെഴുത്തുകൾ " അതിന്റെ പ്രസാധകരും പ്രണത ബുക്സ് തന്നെ. അതും ഇരട്ട പുസ്തമാണ്. ഞങ്ങൾ രണ്ടു പേരും ഒരേ സമയം വരച്ച് എഴുതുമെങ്കിലും എഴുത്തിന്റെ രീതി രണ്ടാണ്. ചിത്രങ്ങളോടുള്ള പ്രണയം കൊണ്ടു തന്നെ കുറച്ചു കാലം ഫോട്ടോ ഗ്രാഫറായും വീഡിയോ ഗ്രാഫറായും ജോലി നോക്കിയിട്ടുണ്ട്.

 പ്രാണനും സ്നേഹവും പോലെ

ഞങ്ങളിൽ ഒരാളുടെ മകൻ കഥയെഴുതി ഷോർട്ട് ഫിലിം എടുത്തപ്പോൾ അതിൽ അഭിനയിക്കുകയും ചെയ്തു. വായനയും ജീവിതാനുഭവങ്ങളുടെ തീഷ്ണതയുമാണ് ഞങ്ങൾ വരയെയും വാക്കുകളെയും ചേർത്ത് നിർത്താൻ കാരണം. കാൽ നൂറ്റാണ്ടായി വരയും വാക്കുകളുമായി ഒന്നിച്ച് ജീവിക്കുന്ന ഞങ്ങളുടെ ജീവിതത്തിൽ ഇവ രണ്ടും പ്രാണനും സ്നേഹവും പോലെയാണ്. ഇതു രണ്ടുമില്ലെങ്കിൽ ജീവിതമില്ലല്ലോ. 

ഒരു ദിവസം ഒരു ചിത്രം ഒരു കവിത അതാണ് കണക്ക് അതിന് ഇതുവരെ മുടക്കം വന്നിട്ടില്ല ഞങ്ങൾ ഞങ്ങളെ സ്വയം രാകിമിനുക്കി ക്കൊണ്ടിരിക്കുകയാണ്. പേപ്പറും പേനയുമായിരുന്നു. മൊബൈൽ ഫോൺ വരുന്നവരെ . ഇപ്പോൾ വര പേപ്പറിലും എഴുത്ത് മൊബൈലിലുമാക്കി. സന്തോഷത്തിന്റെയും സംതൃപ്തിയുടേയും സമ്പന്നതയിൽ കഴിയുന്ന ഞങ്ങളെ ചേർത്തുപിടിക്കാൻ കുടുംബവും ഒപ്പമുണ്ട്.

തയ്യാറാക്കിയത് : ഉമ ആനന്ദ് 

Leave A Comment