സിനിമ

'തലൈവർ വന്തിട്ടാ’; ‘ജയിലർ’ ഷൂട്ട് ഇനി കേരളത്തിൽ ?

കൊച്ചി: കേരളത്തിൽ എത്തിയ രജനികാന്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നടന്റെ വീഡിയോയാണ് ട്വിറ്റർ ഹാൻഡിലുകളിൽ മുഴുവൻ. ജയിലറിന്റെ ഷൂട്ടിനായാണ് താരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വൻ വരവേൽപ്പോടെയാണ് മലയാളികൾ നടനെ സ്വീകരിച്ചത്. 

ചാലക്കുടിയിലാണ് നടൻ നിലവിൽ ഉള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.  അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.  റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.

Leave A Comment