അതിജീവന കാമ്പയിനുമായി അർബുദത്തിനെതിരേ ഭാവനയും മഞ്ജു വാരിയരും
കൊച്ചി : നടി ഭാവന അഭിനയിച്ച ‘പോരാട്ടത്തിന്റെ പാതയിൽ കൈകോർക്കണം’ എന്ന സന്ദേശവുമായെത്തുന്ന ഹ്രസ്വചിത്രം പ്രകാശനം ചെയ്യുന്നതിൽ സന്തോഷം പങ്കുെവച്ച് നടി മഞ്ജു വാരിയർ. അച്ഛനും അമ്മയും അർബുദ ബാധിതരായിരുന്നതിനാൽ രോഗത്തെ തനിക്ക് ഏറെ അറിയാമെന്ന് മഞ്ജു വാരിയർ പറഞ്ഞു. അർബുദത്തെക്കുറിച്ചുള്ള ഭയാശങ്കകൾ മാറ്റേണ്ട കാലമാണിത്. തുടക്കത്തിൽ തന്നെ മികച്ച ചികിത്സ ലഭിച്ചാൽ രോഗത്തിൽനിന്ന് പൂർണ വിമുക്തി നേടാമെന്നും സ്ത്രീകൾ അർബുദ പരിശോധനയ്ക്ക് തയ്യാറാകണമെന്നും മഞ്ജു പറഞ്ഞു.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ സഹ സ്ഥാപനമായ മൈക്രോ ചെക്കിനു വേണ്ടിയാണ് ദി സർവൈവൽ കാമ്പയിനിൽ നടി ഭാവന രംഗത്തുവന്നത്. കാൻസറിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തുന്ന കാമ്പയിനാണ് ദി സർവൈവൽ. ആദ്യഘട്ടത്തിൽ സ്തനാർബുദ പരിശോധനയും അതോടൊപ്പം ഗർഭാശയ സ്‌ക്രീനിങ്ങുമാണ് ദി സർവൈവലിൽ നടത്തുക.
ജെൻ വർക്സ് സഹ സ്ഥാപകനും കാൻ ഇന്റർനാഷണൽ ഗ്രൂപ്പ് സി.ഇ.ഒ.യുമായ ഡോ. സി.കെ. നൗഷാദ്, മൈക്രോ ചെക്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. റഹീസ് അബ്ദുല്ല, ചെയർമാൻ സി. സുബൈർ, ദിനേഷ് കുമാർ, മനോജ്, കെ.പി. അബ്ദുൾ ജമാൽ, എം.ആർ. മുഹമ്മദ് അലി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment