ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമാ കരിയർ അവസാനിപ്പിക്കുന്നു: അൽഫോൻസ് പുത്രൻ
കൊച്ചി: സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞു.'ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും',–അൽഫോൻസ് പുത്രൻ കുറിച്ചു.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് അൽഫോൻസിന്റെ പോസ്റ്റിൽ കമെന്റുകളുമായി എത്തിയത്. ഡോക്ടറുടെ സഹായം തേടാനാണ് ആരാധകർ പറയുന്നത്. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ അൽഫോൺസ് അത് നീക്കം ചെയ്തിട്ടുമുണ്ട്. താരത്തിൻ്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
Leave A Comment