സിനിമ

സിനിമ ചിത്രീകരണത്തിനിടെ നടൻ കാര്‍ത്തിക്ക് പരിക്ക്, ഷൂട്ടിങ് നിര്‍ത്തി വച്ചതായി റിപ്പോർട്ട്

മൈസൂരു: ഷൂട്ടിങ്ങിനിടയില്‍ തമിഴ് നടൻ കാര്‍ത്തിക്ക് പരിക്ക്. സര്‍ദാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് കാര്‍ത്തിക്ക് കാലിന് പരിക്കേറ്റത്. ഒരു പ്രധാന രംഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. കാര്‍ത്തിക്ക് പരിക്കേറ്റതോടെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. ഇതോടെയാണ് നടന്‍ സുഖം പ്രാപിക്കുന്നതുവരെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

കാര്‍ത്തിയെ നായകനായി പി.എസ്.മിത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സര്‍ദാറിന്റെ രണ്ടാം ഭാഗമാണ് സര്‍ദാര്‍-2. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ബാക്കി ഭാഗങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാർ പ്രതീക്ഷിക്കുന്നത്.


Leave A Comment