വാല്‍ക്കണ്ണാടി

ചാലക്കുടിയിലെ ഓക്സ്ബോ തടാകം

 വാൽക്കണ്ണാടി

ചാലക്കുടി നദീ തടത്തിലെ ഒരു പ്രതിഭാസമായി പ്രകീർത്തിക്കപ്പെടുന്നു ഓക്സ്ബോ തടാകം. ജീവ ശാസ്ത്രപരമായും ഭൂമി ശാസ്ത്രപരമായും ഏറെ പ്രത്യേകതകളും പ്രാധാന്യവും അർഹിക്കുന്ന ഒക്സ്ബോ തടാകം ഇന്ന് ഒരു പഠന വിഷയമാണ്. 

ജൈവവൈവിധ്യങ്ങളുടെയും മത്സ്യ സമ്പത്തിന്റെയും സങ്കേതമായ ചാലക്കുടി പുഴയിലെ ഒക്സ്ബോ തടാകം നവീകരണം  കാത്ത് കിടക്കുകയാണ്. ഡോക്ടർ സണ്ണി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണ് 1998 -ൽ വൈന്തലയിലെ കണിച്ചാംതുറ ഒക്സ്ബോ തടാകമായി കണ്ടെത്തിയത്.

'U' എന്ന  പോലെ വളഞ്ഞ്  ഒഴുകുന്ന തിയാന്റിങ് 
ലമുകളിൽ നിന്നൊഴുകി സമതലങ്ങളിൽ എത്തുന്ന പുഴ  ഇംഗ്ലീഷ് അക്ഷരമായ യു എന്ന  പോലെ വളഞ്ഞ്  ഒഴുകുന്നതിനെ തിയാന്റിങ് എന്ന് പറയും. കേരളത്തിന്റെ ചെങ്കുത്തായ ഭൂപ്രകൃതി മൂലം വളരെ കുറച്ച് പുഴകളിൽ മാത്രമേ ഇങ്ങനെ കാണാനാകൂ പുഴ വളഞ്ഞൊഴുകുന്ന ഭാഗത്ത് നീരൊഴുക്കിന്റെ വേഗത വളരെ കുറയുകയും അവിടെ വ്യാപകമായി മലയിൽ നിന്നും വരുന്ന മണ്ണ് നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഈ ഭാഗത്ത് പുഴയുടെ ചാൽ കുറെ നികന്ന് പോകും.


കാലവർഷത്തോടൊപ്പം വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പുഴ പെട്ടെന്ന് നേരെ ഒഴുകി മിയാന്റിന്റെ രണ്ടറ്റവും വേർപെട്ട് സ്വതന്ത്രമാകുന്നു. കാളയുടെ മുതുകിലെ പൂഞ്ഞയെ അനുസ്മരിക്കുന്ന തരത്തിലായതിനാലാണ് ഈ സംവിധാനത്തെ ഓക്സ്ബോ എന്ന് പറയുന്നത്. കനത്ത കാലവർഷം വരുമ്പോൾ വെള്ളപ്പൊക്കം മൂലം പരന്ന പ്രദേശങ്ങളിൽ വെള്ളം കയറി കിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം തടാകങ്ങൾ കാണപ്പെടുന്നത്. 

കണിച്ചാംതുറ ഒരു ചിറ മാത്രമല്ല പടിഞ്ഞാറൻ ഭാഗത്തേക്ക് ഒഴുകുന്ന പുഴ വൈന്തലയിൽ വച്ച് ഗതിമാറി കിഴക്കോട്ട് ഒഴുകുന്നത് കൊണ്ട് ഈ പ്രദേശത്തിന് പ്രകൃതിപരമായ പ്രാധാന്യമുണ്ട്.

കിഴക്കോട്ട് ഒഴുകുന്ന പുഴയാണ് യാഗ കർമ്മങ്ങൾക്ക് വിനിയോഗിക്കുന്നത്. അതിരാത്രം തുടങ്ങിയ മഹാ യാഗങ്ങൾക്ക് ചാലക്കുടിപ്പുഴ വേദിയായിട്ടുണ്ട്. കേരളത്തിൽ തികച്ചും അജ്ഞാതമായിട്ടുള്ള ഓക്സ്ബോ തടാകത്തിന് ഇന്ന് പ്രസക്തി ഉണ്ട്. പണ്ട് കാലത്ത് കണിച്ചാംതുറക്ക് 2000 മീറ്റർ ദൈർഘ്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ നിന്നും 2015 -ൽ മൂന്ന് നവീന ശിലായുധങ്ങൾ ലഭിച്ചിരുന്നു.

ഓക്സ്ബോ തടാകത്തിന്റെ പുനരുജ്ജീവന പദ്ധതി 

തൃശൂർ ജില്ലയിലെ വലിയ തണ്ണീർതട പദ്ധതിയായ വെണ്ണൂർതുറ  നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് വൈന്തല കണിച്ചാംതുറ ഓക്സ്ബോ തടാകത്തിന്റെ പുനരുജ്ജീവന പദ്ധതി ജില്ലാ പഞ്ചായത്ത് 2021-ൽ പ്രഖ്യാപിച്ചത്. ഓക്സ്ബോ തടാകത്തിന്റെ നല്ലൊരു ഭാഗത്തെ 2018 -ലെ പ്രളയം ചതുപ്പു നിലമാക്കി. ഈ പുനരുജ്ജീവന പദ്ധതി പ്രഖ്യാപനത്തെ തുടർന്ന് പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് സർവേയർ അളന്ന് തടാകത്തിന്റെ അതിർത്തികൾ നിശ്ചയിച്ച് തറക്കല്ലിട്ടു. കൃഷി, ടൂറിസം, ജലസേചനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. 

തടാകത്തിലേക്ക് സുഗമമായ ഗതാഗതത്തിനുള്ള റോഡും പാലങ്ങളും മറ്റു അനുബന്ധ തോടുകളും നിർമ്മിച്ച് തടാകത്തിലെ ചളി കോരി കളഞ്ഞും ആഴം കൂട്ടിയും സംരക്ഷിക്കുക, ടൂറിസ്റ്റ് സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക  എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഓക്സ്ബോ തടാകം കണ്ടെത്തിയപ്പോൾ മൂന്നര ഏക്കറായിരുന്നു വിസ്തൃതി. നാഷണൽ ബയോ ഡൈവേഴ്‌സിറ്റി അതോറിറ്റി ചെയർമാൻ ഡോക്ടർ ബാലകൃഷ്ണ പശുപതി 2013 -ൽ  കണിച്ചാംതുറ സന്ദർശിച്ചിരുന്നു.


തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment