sports

ഓപ്പണര്‍മാരുടെ വെടിക്കെട്ട്; ടെസ്റ്റിൽ 'ടി20' കളിച്ച് ഇന്ത്യ; റെക്കോർഡ്

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങോടെ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 10.1 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍സെടുക്കുന്നത്.

2023 ല്‍ വിന്‍ഡീസിനെതിരേ 12.2 ഓവറില്‍ നൂറ് റണ്‍സെടുത്ത റെക്കോഡാണ് ഗംഭീറിന്റെ കീഴില്‍ ടീം മറികടന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും നായകന്‍ രോഹിത്ത് ശര്‍മയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ അമ്പത് കടത്തി.

ടീം സ്‌കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്.

Leave A Comment