sports

വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ vs ശ്രീലങ്ക ഫൈനൽ

ധാക്ക:വനിതാ ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഒമ്പത് റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ അഞ്ച് പന്തില്‍ ആറ് റണ്‍സെടുക്കാനെ പാക്കിസ്ഥാന് കഴിഞ്ഞുള്ളു. ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് വേണമെന്നായി. അവസാന പന്ത് ഫുള്‍ടോസ് ആയെങ്കിലും നേരെ എക്സ്ട്രാ കവര്‍ ഫീല്‍ഡറുടെ കൈയിലേക്കാണ് പാക് ബാറ്ററായ നിദാ ദര്‍ അടിച്ചത്. ക്യാച്ചായിരുന്ന പന്ത് കവിഷ ദില്‍ഹാരി നിലത്തിട്ടു. ഇതിനിടെ ഒരു റണ്‍സ് ഓടിയെടുത്ത നിദാ ദര്‍ രണ്ടാം റണ്ണിനായി ഓടിയെങ്കിലും റണ്‍ ഔട്ടായി. ഇതോടെ ശ്രീലങ്ക ഒരു റണ്ണിന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കി.

നേരത്തെ സെമി ഫൈനലില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് വീഴ്ത്തിയാണ് കലാശപ്പോരിലേക്ക് ഇന്ത്യ എത്തിയത്.ഇന്ത്യ മുന്‍പില്‍ വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് തായ്‌ലന്‍ഡിനെ തകര്‍ക്കാന്‍ മുന്‍പില്‍ നിന്നത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാര്‍. 19ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റ് പിഴുത് രാജേശ്വരി ഗയ്ക്‌വാദ് തായ്‌ലന്‍ഡിന്റെ വാലറ്റത്തേയും വേഗത്തില്‍ മടക്കി.രണ്ട് താരങ്ങള്‍ മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്. രേണുക സിങ്ങും സ്‌നേഹ് റാണയും ഷഫാലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ തായ്‌ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 38ല്‍ നില്‍ക്കെ 13 റണ്‍സ് എടുത്ത മന്ദാന ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

ഷഫാലി 28 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് എടുത്തു. ജെമിമ 27 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടാണ് ഇന്ത്യ തോറ്റത്.

Leave A Comment