ക്രൈം

മഷിനോട്ടക്കാരനെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി

പറവൂർ:മഷിനോട്ടക്കാരനെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. അമ്പലപ്പുഴ പാക്കള്ളിച്ചിറ വീട്ടിൽ രാജേഷാണ് (46) അറസ്റ്റിലായത്. കേസിൽ ചങ്ങനാശേരി കുന്നേൽ പുതുപറമ്പിൽ അജിത്കുമാറിനെ (40) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ആലപ്പുഴയിൽ നിന്നു വീടു കുത്തിത്തുറന്നു 100 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് രാജേഷ്. 10 വർഷമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു തോപ്പുംപടിയിൽ നിന്നു രാജേഷ് ഒരു സ്കൂട്ടർ മോഷ്ടിച്ച ശേഷമാണ് അജിത്കുമാറിനെയും കൂട്ടി കവർച്ചയ്ക്ക് പറവൂരിൽ എത്തിയത്. ആലപ്പുഴ പാതിരപ്പിള്ളിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ടശേഷം പണം കവർന്ന കേസിലും ഇയാൾ പ്രതിയാണ്.

പെരുവാരത്തു വീട് വാടകയ്ക്കെടുത്തു മഷിനോട്ടം നടത്തിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ വിജയനെ ഇവർ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണമാല, ബ്രേസ് ലെറ്റ്, രണ്ട് മോതിരം ഉൾപ്പെടെ ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.  

കണ്ണൂർ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച ഇയാൾ എറണാകുളം സൗത്തിൽ വരുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.  എഎസ്ഐമാരായ കെ യു ഷൈൻ, കെ റെജി, ഉദ്യോഗസ്ഥരായ കെ എം ബിപിൻ, വി എ അഫ്സൽ, കെ നൈന എന്നിവരും ഉണ്ടായിരുന്നു. 

രാജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Comment