ക്രൈം

ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ യുവതിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ സുനില്‍ കൃഷ്ണന്‍ തിരുവന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ മണ്ണാര്‍തൊടി വീട്ടില്‍ മുഹമ്മദ് ബാഷയുടെ മകന്‍ അല്‍ അമീനാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയില്‍ താമസിച്ചു വരുന്ന യുവതിയുടെ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. 

പ്രതി അബുദാബിയില്‍ ജോലി ചെയ്ത് വരികെ 2021 ലാണ് പരാതിക്കാരിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുമായി അടുപ്പത്തിലായ പ്രതി യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെയും വീഡിയോ കോളിലൂടെയും പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയുമായിരുന്നു. പ്രതിക്ക് മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി പ്രതി അല്‍ അമീനുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രതി നിരന്തരം ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റ് ഓണ്‍ലൈന്‍ സോഷ്യല്‍ മിഡിയകളിലൂടെയും പരാതിക്കാരിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റ് മുഖേന പ്രചരിപ്പിക്കുമെന്നും ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 2 ലക്ഷം രൂപ കൊടുക്കണമെന്നും മറ്റും പ്രതി ആവശ്യപ്പെട്ടു. പ്രതിയുടെ ആവശ്യം നിരസ്സിച്ചതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം പ്രതി ഇന്‍സ്റ്റാഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൌണ്ട് നിര്‍മ്മിച്ച് ഇതില്‍ പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങളും വീഡീയോകളും പോസ്റ്റ് ചെയ്യുകയും പലര്‍ക്കും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ആവലാതിക്കാരി ഇരിങ്ങാലക്കുടയിലുളള തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Leave A Comment