ക്രൈം

എംഡിഎംഎ മൊത്തക്കച്ചവടക്കാരനൊപ്പം കൂട്ടാളികളും പോലീസ് പിടിയിൽ

കൊരട്ടി: പുതുവത്സരാഘോഷത്തിന് ലഹരി  വില്പ്പനക്കിടെ മയക്കുമരുന്ന വിതരണക്കാരന്‍ ബോംബേ തലയന്‍ ഷാജി പോലീസ് പിടിയില്‍. ഷാജിയില്‍ നിന്നും എംഡിഎംഎ വാങ്ങി തിരികെ പോവുകയായിരുന്ന വേറെ  രണ്ട് പേരും പോലീസ് വലയിലായി. രണ്ട് സംഭവങ്ങളില്‍ നിന്നും പിടിച്ചെടുത്ത എംഡിഎംഎ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. 

മേലൂര്‍ കൊന്നക്കുഴി ചക്കാലയ്ക്കല്‍ വീട്ടില്‍ ഷാജി(48)യെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കുന്നപ്പിള്ളിയിലുള്ള ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 35ഗ്രാം എംഡിഎംഎ പിടികൂടി. ഷാജിയില്‍ നിന്നും എംഡിഎംഎ വാങ്ങി തിരികെ പോവുകായായിരുന്ന രണ്ട് പേരും പോലീസ് വലയിലായി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരില്‍ നിന്നുമായി അഞ്ച് ഗ്രാം എംഡിഎംഎ യും കണ്ടെത്തി. പോട്ട ഉറന്പന്‍കന്ന് സ്വദേശി പയ്യപ്പിള്ളി ബോബന്‍(37), പടിഞ്ഞാറെ  ചാലക്കുടി പനഞ്ചിക്കല്‍ നിധിന്‍(30)എന്നിവരാണ് അറസ്റ്റിലായത്. 

രണ്ട് സംഭവങ്ങളില്‍ നിന്നും പിടിച്ചെടുത്ത എംഡിഎംഎ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേലൂര്‍ കുന്നപ്പിള്ളിയിലുള്ള ബോംബേ ഷാജിയുടെ വീട് കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ബൈക്കില്‍ എംഡിഎം മായി പോയ രണ്ടു പേര്‍ പിടിയിലായത്. സംശയം തോന്നി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

കഞ്ചാവ് കടത്ത്, ക്വോട്ടേഷന്‍ ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് ഷാജിയെന്ന് പോലീസ് അറിയിച്ചു.ബോംബേ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മയക്കുമരുന്ന് തമിഴ്‌നാട്ടിലെ പളനി ഭാഗങ്ങളിലേക്കെത്തിച്ച് അവിടെ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിലൊരാളാണ് അറസ്റ്റിലായ ഷാജി. ഉത്സവം, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ പൊരി കച്ചവടക്കാരേയും ഐസ്‌ക്രീം കച്ചവടക്കാരേയും ഇടനിലക്കാരാക്കി മയക്ക് മരുന്ന വില്പന നടത്തുന്ന രീതിയും ഇയാള്‍ക്കുണ്ടെന്ന് പോലീസ് പറഞ്ഞു.

പോലീസ് പരിശോധിക്കാനെത്തിയ സമയത്ത് പ്രതിയുടെ വീടിന്റെ പരിസരത്ത് ഇത്തരത്തിലുള്ള നിരവധി കച്ചവടക്കാരും തമ്പടിച്ചിരുന്നു. ഉത്സവങ്ങള്‍ക്ക് വില്പന നടത്താനുള്ള സാമഗ്രികളും വീടിനകത്ത് വലിച്ചിട്ട നിലയിലായിരുന്നു. ഇതിനുള്ളിലാണ് മയക്കുമരുന്ന സൂക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ പോലീസിന് എളുപ്പത്തില്‍ മയക്കുമരുന്ന് കണ്ടെത്താവുകയുമില്ല. കിലോകണക്കിന് കല്‍കണ്ടവും ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. പണം വാങ്ങി എംഡിഎംഎ ആണെന്ന് തെറ്റിദ്ദരിപ്പിച്ച് കല്‍കണ്ടം നല്കി ഇവിടെയെത്തുന്നവരെ കബളിപ്പിക്കുന്ന രീതിയും പ്രതിയുടെ പതിവാണെന്നും പറയുന്നു. 

എസ് ഐ ഷാജു എടത്താടന്‍, സജി വര്‍ഗീസ്, സി എസ് സൂരജ്, രഞ്ജിത്ത്, പി കെ സജീഷ്‌കുമാര്‍, ജിബിന്‍ വര്‍ഗ്ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment