ക്രൈം

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവ്

തളിപ്പറമ്പ് : പതിനൊന്നു വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറന്പ് പോക്സോ അതിവേഗ കോടതി. മദ്രസ അധ്യാപകനായ ഉദയഗിരി സ്വദേശി കെ.വി.മുഹമ്മദ് റാഫി (35) നെയാണ് ശിക്ഷിച്ചത്.

2017 ഒക്ടോബർ മുതൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് റാഫി ഇതേ മദ്രസയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ 11 കാരിയെ നിരവധി തവണ കഠിനമായ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്.

പരാതിക്കാരിയുടെ പ്രായം, നിരന്തരമായ പീഡനം, പ്രതി അധ്യാപകനാണ്, സമൂഹത്തിന് മാതൃകയാകേണ്ടയാളാണ് എന്നിവ പരിഗണിച്ച് നാലു വകുപ്പുകളിലായാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ പ്രതിക്ക് 26 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

സംഭവം മറച്ചു വച്ചതിന് പ്രതിയാക്കിയ മദ്രസ ഭാരവാഹിയെ വെറുതെ വിട്ടിരുന്നു.

Leave A Comment