ജില്ലാ വാർത്ത

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍

കോട്ടയം: കൊട്ടാരക്കരയിൽ രഞ്ജു പൊടിയന്‍ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌പോട്ട് ന്യൂസ് ഓണ്‍ ലൈന്‍ മാധ്യമ ഉടമയെ കുന്നിക്കോട് പോലിസ് അറസ്റ്റ് ചെയ്യ്തു. പട്ടാഴി കോളൂര്‍ മുക്ക് കോളൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ അനിഷ് കുമാര്‍ (36 ) നെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ജൂണ്‍ 17ന് രാവിലെയാണ് രഞ്ജു എന്ന യുവാവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പട്ടാഴിയിലുള്ള സ്‌പോട്ട് ന്യൂസ് എന്ന ഓണ്‍ ലൈന്‍ മാധ്യമം വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് മരിക്കുന്നതെന്ന് രഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സ്‌പോട്ട് ന്യൂസ് ആണെന്നും മരിക്കുന്നതിന് തൊട്ട് മുന്‍പ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ രഞ്ജു അറിയിച്ചിരുന്നു.നാലുവര്‍ഷം മുമ്പ് മരിച്ച വയോധികന്റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജു പൊടിയന്‍ വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം തെറ്റായ രീതിയില്‍ ഓണ്‍ലൈന്‍ വഴി അനീഷ് കുമാര്‍ പ്രചരിപ്പിച്ചിരുന്നു.

വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തിയ അനീഷ് കുമാറാണ് മരണത്തിന് ഉത്തരവാദിയെന്ന് രഞ്ജു ആരോപിച്ചിരുന്നു. രഞ്ജുവിന്റെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കുന്നിക്കോട് പോലിസ് അറിയിച്ചു.

Leave A Comment